കോട്ടയം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം നടത്തിയ ഭവനരഹിതരായ വിദ്യാര്‍ഥികള്‍ക്ക് വീട് നിര്മിച്ചുനല്കാന് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ആവിഷ്കരിച്ച പദ്ധതിയിലൂടെ നിര്‍മിച്ച വീടിന്റെ താക്കോല്‍ നാളെ കൈമാറും.
കോട്ടയം മൗണ്ട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിക്കു നിര്‍മിച്ച വീടിന്റെ താക്കോല്‍ ഉച്ചകഴിഞ്ഞു 2.30ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി കൈമാറും. മൂന്ന് കായികതാരങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാനായിരുന്നു തീരുമാനം.
കാസര്‍ഗോഡ് ചെറുവത്തൂര്‍ കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനി, പാലക്കാട് വിഎം എച്ച്എസ്എസ് വടവന്നൂര്‍ സ്കൂളിലെ വിദ്യാര്‍ഥിനി എന്നിവര്‍ക്കാണ് വീട് നല്‍കുന്നത്.
ഇതിന് അധ്യാപകരില്‍നിന്ന് 29,78,178 രൂപ സമാഹരിച്ചു. പാലക്കാട് ജില്ലയിലെ വീടിന്റെ താക്കോല്‍ ആറിന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി ടി.കെ.എ. ഷാഫി കൈമാറും.
കാസര്‍ഗോട്ടെ വീട് നിര്‍മാണം പുരോഗമിക്കുന്നു. കുട്ടിക്കൊരു വീട് പദ്ധതിയിലൂടെ സംസ്ഥാനത്ത് 147 വീടുകള്‍ കെഎസ്ടിഎ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.